
kerala
ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചു, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥലം മാറ്റം
ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത അട്ടപ്പാടി സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാന് പകരം ചുമതല നല്‍കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് പ്രഭുദാസിനെ മാറ്റിയത്. ഭരണ സൗകര്യര്‍ഥമാണ് നടപടിയെന്നാണ് സ്ഥലം മാറ്റത്തെ കുറിച്ചുള്ള ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
അട്ടപ്പാട്ടിയില്‍ ശിശു മരണങ്ങള്‍ വീണ്ടും വാര്‍ത്തയായതിന് പിന്നാലെ പ്രദേശത്ത് മിന്നല്‍ സന്ദര്‍ശനദിവസം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിയെ ഡോ. പ്രഭുദാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും മന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമായിരുന്നു ഡോ. പ്രഭുദാസിന്റെ ആക്ഷേപം. അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.
ബില്ലുകള്‍ മാറാന്‍ പോലും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തിരുന്നു.