kerala
മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചന്‍ പി തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിട്ടത്. മരംമുറി ഉത്തരവ് റദ്ദ് ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്നാണ് റിവ്യൂ കമ്മിറ്റിയുടെ ശുപാർശ.നവംബർ പത്തിനാണ് ബന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും മരംമുറി ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചത്.
തുടർന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതല പ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കെെമാറിയിരുന്നു. ഈ റിപ്പോർട്ടില്‍ അന്വേഷണം തുടരവെയാണ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം ഇനി വനം മേധാവിക്കായിരിക്കുമെന്നും റദ്ദാക്കല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുന്നതായിരുന്നു മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്. അനുമതിയില്‍ നന്ദിയറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രസ്താവന ഇറക്കിയതോടെയായിരുന്നു ഉത്തരവ് സംബന്ധിച്ച വിവരം പുറത്തായത്. നടപടി വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം സിവിൽ സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് സസ്പെന്‍ഷന്‍ നടപടി പിൻവലിച്ചത് എന്നും ആരോപണമുണ്ട്. ബെന്നിച്ചന് എതിരെയുള്ള നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ്, ഐഎഎസ് ഉദ്യോഗസ്ഥന്മാർ രംഗത്തെത്തിയിരുന്നു. മരംമുറി ഉത്തരവിൽ ബെന്നിച്ചനെ ബലിയാടാക്കി എന്നായിരുന്നു ആരോപണം.