kerala
പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍; മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി
സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ അത്യാഹിതവിഭാഗം ബഹിഷ്കരിച്ചുള്ള സമരം ഇന്നും തുടരും. സമരം തുടരുന്നതോടെ മെഡിക്കൽ കോളേജുകളിലെ ചികിത്സ പ്രതിസന്ധിയിലാണ്. അതേസമയം പി ജി ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് ഹൗസ് സർജൻമാരും, മെഡിക്കൽ കോളേജ് അധ്യാപകരും അറിയിച്ചു.
പി ജി ഡോക്ടർമാരുടെ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള സമരം മൂന്നു ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. നിലവിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ അധ്യാപകരുടെ ഡ്യൂട്ടി പുനർ ക്രമീകരിച്ചിക്കുകയാണ് ആരോഗ്യവകുപ്പ്. രണ്ടായിരത്തോളം പിജി ഡോക്ടർമാർ സമരം പ്രഖ്യാപിച്ചതോടെ ഹൗസ് സർജൻസിന്റെ ജോലി ഭാരം ഇരട്ടിയായി.
പിജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ നാളെ സൂചന പണിമുടക്കെന്ന രീതിയിൽ അത്യാഹിത വിഭാഗവും,കൊവിഡ് ഡ്യൂട്ടിയും ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് കേരള ഹൗസ് സർജൻസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒ പി, ഐ, പി, ഇലക്റ്റീവ് സർജറികൾ, അധ്യാപനം എന്നിവ നാളെ ബഹിഷ്കരിക്കുമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിറ്റിഎയും അറിയിച്ചു.
നിലവിൽ സമരത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ ചികിത്സ അവതാളത്തിലാണ്. രോഗികളുടെ പ്രവേശനം ഉൾപ്പടെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഉത്തരവ് പ്രകാരമുള്ള 373 നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ നിയമനം പര്യാപ്തമല്ലെന്നാണ് പിജി ഡോക്ടർമാരുടെ നിലപാട്. ഇതിന് പുറമെ നാല് ശതമാനം സ്റ്റൈപ്പൻഡ് വർദ്ധനവ് നടപ്പാക്കുക,നീറ്റ് പിജി പ്രവേശന നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുക എന്നിവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ. എന്നാൽ സമരക്കാരുടെ ആവശ്യങ്ങൾ നേരത്തെ അംഗീകരിച്ചതാണെന്ന നിലപാട് ആവർത്തിക്കുകയാണ് ആരോഗ്യ മന്ത്രി.