national
ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി; കേന്ദ്ര നിർദേശം
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. രോഗിബാധിതർ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. ഇതുവരെ സംസ്ഥാനത്ത് 17 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയെ കൂടാതെ കേരളം, രാജസ്ഥാൻ, ഡെൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഒരു സംസ്ഥാനത്തെയും സാഹചര്യം ഗുരുതരമല്ല. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ വൈറസ് ബാധ രൂക്ഷമാവാതിരിക്കാൻ മുംബൈ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം രാജ്യത്തെ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തി ജില്ലാതലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ടിപിആറിനെ അടിസ്ഥാനപ്പെടുത്തി കൊണ്ടുവരാനും നിർദേശമുണ്ട്. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. കേരളത്തിൽ നിലവിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്