kerala
വനിത കമ്മീഷന്റെ ഇടപെടലില്‍ പ്രണയസാഫല്യം; നാടകീയ രംഗങ്ങള്‍ക്ക് വേദിയായി തിരുവനന്തപുരം സിറ്റിംഗ്
വനിത കമ്മിഷന്റെ തിരുവനന്തപുരം സിറ്റിംഗില്‍ പയ്യന്നൂർ- മുരുക്കുംപുഴ സ്വദേശികള്‍ക്ക് പ്രണയ സാഫല്യം. പയ്യന്നൂർ സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനോടൊപ്പമെത്തിയ യുവതിയെ ഇരുവരുടെയും സമ്മതത്തോടെ ഒപ്പം പോകാൻ കേരള വനിത കമ്മിഷൻ അനുമതി നല്‍കി. മുരുക്കുംപുഴ സ്വദേശിയായ യുവതിയാണ് അരയ്ക്ക്താഴെ തളർന്ന യുവാവിനെ പ്രണയിച്ചതും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.
ഇതിനിടെ യുവതിയുടെ പിതാവും സഹോദരനും സിറ്റിങ് നടന്ന ജവഹർ ബാലഭവനിൽ എത്തി യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കമ്മിഷൻ മ്യൂസിയം പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന് യുവതിയെയും യുവാവിനെയും പൊലീസ് ജീപ്പിൽ ഇരുവരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതുപ്രകാരം ഒന്നിച്ചു ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിന് വനിത കമ്മീഷനും അനുമതി നല്‍കുകയായിരുന്നു.
അതേസമയം, കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങില്‍ പരിഗണിച്ച 90 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പായി. 11 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ആകെ നിശ്ചയിച്ചിരുന്ന 176 പരാതികളില്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങള്‍ 129 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വെള്ളയമ്പലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാല്‍, ലോ ഓഫീസര്‍ പി. ഗിരിജ, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.