
national
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു,ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ടായ @narendramodi എന്ന ട്വിറ്റർ അക്കൗണ്ടാണ് ഹാക്കുചെയ്യപ്പെട്ടത്. പുർച്ചെയോടെയായിരുന്നു സംഭവം. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ നിയമവിധേയമാക്കി എന്നായിരുന്നു ഹാക്കറുടെ ട്വീറ്റ്."കൊവിഡ് -19 പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യ ക്രിപ്‌റ്റോ കറൻസി ഉപയോഗം ആരംഭിക്കുകയാണ്,
0xae073DB1e5752faFF169B1ede7E8E94bF7f80Be6 -ലേക്ക് ദയവായി സംഭാവനകള്‍ കെെമാറുക"- ട്വീറ്റ് പറയുന്നു.
തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററുമായി ബന്ധപ്പെടുകയും ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്ത് അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പിഎംഒ അറിയിച്ചു. ഹാക്കിംഗിന് പിന്നില്‍ 'ജോൺ വിക്ക്' ആണെന്ന മറ്റൊരു ട്വീറ്റും ബിറ്റ് കോയിന്‍ ട്വീറ്റിന് മിനിറ്റുകള്‍ക്ക് പിന്നാലെ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്.11 മണിക്കൂർ മുൻപാണ് ഹാക്കുചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നും അവസാനമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വീറ്റ് പുറത്ത് വന്നതെന്നും അതിനുശേഷമുള്ള എല്ലാ ട്വീറ്റുകളും നീക്കം ചെയ്തതായി പിഎംഒയും വ്യക്തമാക്കി. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ട്വിറ്ററും അന്വേഷണം പ്രഖ്യാപിച്ചു.