Headlines
Loading...
സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം; സര്‍ക്കാറിന് എതിരെ ഗവര്‍ണര്‍

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം; സര്‍ക്കാറിന് എതിരെ ഗവര്‍ണര്‍

കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഗവര്‍ണര്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഉള്‍പ്പെടെ വിവാദമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിലപാട് കര്‍ശനമാക്കുന്നത്.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ താന്‍ തയ്യാറാണ് എന്നാണ് ഗവര്‍ണറുടെ നിലപാട്. തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍ മടിയില്ലാതെ തന്നെ അതിനെ പിന്തുണയ്ച്ച് ഒപ്പിടുമെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഗവര്‍ണര്‍ സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്.
നേരത്തെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി പരസ്യമായി ഏറ്റുമുട്ടാനിറങ്ങിയിരുന്ന ഗവര്‍ണര്‍ അടുത്തിടെ ഇത്തരം നിലപാടുകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പൗരത്വ നിയമ വിഷയത്തിലുള്‍പ്പടെ ഈ വിയോജിപ്പ് അദ്ദേഹം പരസ്യമാക്കിയിരുന്നു. പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് നിലപാട് കടുപ്പിക്കുന്നത്.