Headlines
Loading...
ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹ നിയമങ്ങള്‍ മാറ്റും, മുസ്ലീം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹപ്രായം 21 വയസ്സാക്കുന്ന ബില്‍ ലോക്‌സഭയില്‍

ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹ നിയമങ്ങള്‍ മാറ്റും, മുസ്ലീം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹപ്രായം 21 വയസ്സാക്കുന്ന ബില്‍ ലോക്‌സഭയില്‍

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യത്ത് നിലവിലുള്ള ഏഴ് വിവാഹ നിയമങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് ബാല വിവാഹ (ഭേദഗതി) നിയമം 2021 മന്ത്രി ലോക് സഭയില്‍ അവതിപ്പിച്ചത്. നിയമത്തിന് എതിരെ പ്രതിപക്ഷം സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം തുടരുന്നതിനിടെ ആയിരുന്നു ബില്‍ അവതരണം. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് വലിച്ചുകീറി പ്രതിഷേധിച്ചു.

എല്ലാ സമുദായങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ബില്‍. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹ നിയമങ്ങള്‍ മാറ്റും. മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പുതിയ വിവാഹ നിയമം. നിയമത്തില്‍ ഇക്കാര്യം പ്രത്യേകം എഴുത്തി ചേര്‍ക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ഇതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാവില്ലെന്ന് ഉറപ്പായി. നാടകീയമായിട്ടായിരുന്നു ബില്‍ ഇന്ന് ലോക്‌സഭയിലെത്തിയത്.

അതേസമയം, ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കൂടിയാലോചനകളില്ലാതെയാണ് നിയമം തയ്യാറാക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ നിലപാട്. ബില്ലിനെ കുറിച്ച് ആരുമായും കേന്ദ്രം സംസാരിച്ചിട്ടില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കണമായിരുന്നു എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ തിടുക്കുപ്പെട്ട് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിടുക്കപ്പെട്ട് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്ന രീതിയെ എതിര്‍ക്കുന്നു. എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം. ബില്ലുമായി ബന്ധപ്പെട്ട് സമഗ്രമായ ചര്‍ച്ച ആവശ്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബില്ലിനെതിരായ നിലപാടാണ് എന്നും ടിഎംസ് എംപി സൗഗത റോയ് ചൂണ്ടിക്കാട്ടി.ഭരണഘടന അനുശ്വാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. 

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തെ പിന്തിരിപ്പന്‍ ഭേദഗതി എന്നും അദ്ദേഹം വിമര്‍ശിച്ചു. 18 വയസ്സുള്ള ഒരാള്‍ക്ക് ഇന്ത്യയിലെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്, ലിവ് ഇന്‍ ബന്ധം പുലര്‍ത്താം, എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് വിവാഹം ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുകയാണ്. 18 വയസ്സുള്ള കുട്ടിക്ക് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം സൊമാലിയയേക്കാള്‍ കുറവാണ് എന്നും ചൂണ്ടിക്കാട്ടി.