Headlines
Loading...
'രണ്ടടി പൊക്കത്തിലുള്ള പെെപ്പില്‍ ജാക്കറ്റിലെ വള്ളിയില്‍ തൂങ്ങിമരിച്ചു'; കസ്റ്റഡിമരണത്തില്‍ യുപി പൊലീസിന്റെ വിചിത്ര വാദം

'രണ്ടടി പൊക്കത്തിലുള്ള പെെപ്പില്‍ ജാക്കറ്റിലെ വള്ളിയില്‍ തൂങ്ങിമരിച്ചു'; കസ്റ്റഡിമരണത്തില്‍ യുപി പൊലീസിന്റെ വിചിത്ര വാദം

ഉത്തർപ്രദേശില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് മർദനം ആരോപിച്ച് കുടുംബം. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ സദർ കോട്വാലിയിലെ നഗ്ല സയ്യിദ് അഹ്രോളി സ്വദേശി അൽതാഫിന്റെ മകൻ ചാന്ദ് മിയാന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ഇക്കഴിഞ്ഞ നവംബർ 9 നാണ് കോട്വാലിയിലെ ജയില്‍ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ മിയാന്റെ മൃതദേഹം കണ്ടെത്തിയത്.ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍വെച്ച് യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കുടുംബത്തെ അറിയിച്ചത്. പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാണ് തിങ്കളാഴ്ച മിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ 24 മണിക്കൂർ പിന്നിടുന്നതിന് മുന്‍പ് ലോക്കപ്പിനുള്ളില്‍ തൂങ്ങിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനിടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുവന്നു. തറയിൽ നിന്ന് രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പിൽ ധരിച്ചിരുന്ന ഹുഡ്ഡി ജാക്കറ്റിന്റെ വള്ളിയില്‍ തൂങ്ങി മിയാന്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെന്നും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നുമാണ് എസ്പി രോഹൻ പ്രമോദ് ബോത്രേ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ വിശദീകരണം. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിഐ ഉള്‍പ്പടെ അഞ്ച് പൊലീസുകാരുടെ സസ്പെന്‍ഡ് ചെയ്തതായും ബോത്രേ അറിയിച്ചു.