Headlines
Loading...
ശ്രീലങ്കയോടും തോറ്റു; നിലവിലെ ചാമ്പ്യന്മാര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്

ശ്രീലങ്കയോടും തോറ്റു; നിലവിലെ ചാമ്പ്യന്മാര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് സെമി കാണാതെ പുറത്ത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ശ്രീലങ്കയോട് 20 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് അവര്‍ പുറത്തേക്കുള്ള വാതില്‍ തുറന്നത്. അബുദബിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍(1), ആന്ദ്രെ റസല്‍(2), ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 53 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം പുറത്താകാതെ 80 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറും 34 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 46 റണ്‍സെടുത്ത നിക്കോളാസ് പുരാനും മാത്രമാണ് വിന്‍ഡീസിനായി പൊരുതിനോക്കിയത്.ലങ്കക്കായി വാനിന്ദു ഹസരങ്കയും ചമിക കരുണരത്‌നെയും ബിനുരാ ഫെര്‍ണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ ഒരു മത്സരം ബാക്കിയിരിക്കെ വിന്‍ഡീസ് സെമി കാണാതെ പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരം ജയിച്ചാലും വിന്‍ഡീസിന് ഇനി സെമിയിലെത്താനാവില്ല. നേരത്തെ തന്നെ സെമി ഉറപ്പാക്കിയ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ ഇനി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെയും പാതും നിസങ്കയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. 41 പന്തില്‍ 68 റണ്‍സെടുത്ത അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പാതും നിസങ്ക 41 പന്തില്‍ 51 റണ്‍സെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ നാലോവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡ്വെയിന്‍ ബ്രാവോ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.