kerala
കുമരകത്ത് പൊലീസ് വാഹനത്തിന് അടിച്ച യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ കുടുംബം
കുമരകത്ത് എസ്പിയുടെ വാഹനത്തിന് അടിച്ച് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി മാതാപിതാക്കൾ. പൊലീസ് യുവാവിനെ കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വെച്ചൂർ സ്വദേശിയായ ജിയോയാണ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ കുമരകം പൊലീസ് കേസെടുത്തു. എന്നാൽ കുടുംബത്തിന്റെ ആരോപണത്തെ പൊലീസ് നിഷേധിച്ചു. മദ്യലഹരിയിലായിരുന്ന ജിജോ മതിൽ ചാടി കടക്കുന്നതിനിടെ കാനയിൽ വീണാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂർ അച്ചിനകം സ്വദേശി ജിജോ ആന്റണി മരിച്ചത്. ചക്രംപടിക്കടുത്ത് എടിഎമ്മിന് മുന്നിൽ നിർത്തിയിട്ട എസ്പിയുടെ ഔദ്യോഗിക വാഹനത്തിന് ജിജോ അടിച്ചു. വാഹനം പൊലീസിന്റേതെന്നറിഞ്ഞതോടെ അടുത്തുള്ള ബാർ ഹോട്ടലിൽ ഓടിക്കയറി. പിന്നീട് ഹോട്ടലിനു പിന്നിലെ കാനയിൽ നിന്ന് ജിജോയുടെ മൃതദേഹമാണ് കിട്ടിയത്. പൊലീസിന്റെ അടിയേറ്റാണ് ജിജോ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ തങ്ങൾ ഏറെ നേരം അന്ന് ജിജോയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും തുടർന്ന് തിരിച്ചു പോയെന്നും ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പൊലീസ് പറയുന്നു. ശ്വാസനാളത്തിൽ ചെളി കയറിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നത്.
തലയ്ക്ക് പിന്നിലെ മുറിവ് ഉയരത്തിൽ നിന്ന് വീണതിന്റേതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ച ജിജോക്കെതിരെ അടിപിടിക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. ജിജോയ്ക്കൊപ്പം അന്ന് ബൈക്കിലുണ്ടായിരുന്ന യുവാവ് സുജിത്ത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്