national
മുല്ലപ്പെരിയാര്‍: ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമെന്ന് കേരളം, നിലപാട് സുപ്രീം കോടതിയെ അറിയിച്ചു
മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമെന്ന് കേരളം സുപ്രീം കോടതിയില്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍കര്‍വ് പുനഃപരിശോധിക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബി ഡാം ബലപ്പെടുത്തി ഡാമിലെ ജല നിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജല വിഭവ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. ഇതിനിടെയാണ് കേരളത്തിന്റെ പുതിയ സത്യവാങ്മൂലം എന്നതും ശ്രദ്ധേയമാണ്.
അതിനിടെ, മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തില്‍ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തി വനം മന്ത്രി എകെ ശശീന്ദ്രന്‍. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു വനംമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് സംയുക്ത പരിശോധനയുള്‍പ്പെടെ നടത്തി എന്നാണ് പുതിയ നിലപാട്.
ഇക്കാര്യം ഔദ്യോഗികമായി തിരുത്തുന്നതിനിയി മന്ത്രി സ്പീക്കര്‍ക്ക് നോട്ട് നല്‍കി.