kerala
'ചുണയുണ്ടെങ്കില്‍ പോരിന് വാടാ, നിനക്കും പേപ്പട്ടിക്കും ഒരേവിധി'; ജോജുവിന് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ്
വാഹന തകര്‍ക്കല്‍ കേസില്‍ നേതാക്കള്‍ ജയിലിലായതോടെ, നടന്‍ ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്.
'ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'. തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.
അതേസമയം, കേസില്‍ കീഴടങ്ങണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ മുങ്ങിയ രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങല്‍ നിര്‍ദേശം പാലിക്കാതെ ഫോണും ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ടോണി ചമ്മണിയും മറ്റ് പ്രതികളും കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇരുവരും എറണാകുളം ജില്ലയ്ക്ക് പുറത്ത് ഒന്നിച്ചാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കേസില്‍ റിമാന്‍ഡിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ഇന്നലെ വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കീഴടങ്ങും മുന്‍പ് ടോണി നടത്തിയത്.
''ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്. അദ്ദേഹം സിപിഐഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു.
എന്നാല്‍ സിപിഐഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന്‍ സിപിഐഎം കുഴലൂത്തുകാരനായി മാറി. '' ടോണി പറഞ്ഞു.കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.