national
'പണം കൊടുത്ത് ടിക്കറ്റ് എടുക്കണം'; എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ആനുകൂല്യം നീക്കി
എയര്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ ആനുകൂല്യം നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ സാധാരണ യാത്രക്കാരെ പോലെ മുന്‍കൂറായി പണം നല്‍കി ടിക്കറ്റെടുത്ത് മാത്രമെ യാത്ര ചെയ്യാന്‍ പറ്റൂ എന്നും സര്‍ക്കാര്‍ അറിയിച്ചു. എയര്‍ ഇന്ത്യ ടാറ്റയുടെ ഭാഗമായതോടെയാണ് സര്‍ക്കാരിന്റെ പുതിയ നിബന്ധന.
നിലവിലെ വ്യവസ്ഥ പ്രകാരം എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് മറ്റ് വിമാനങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിച്ചിരുന്നത്. പുതിയ നിബന്ധന പ്രകാരം മറ്റു സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷന്‍ ഇനത്തില്‍ ഇനി കേന്ദ്ര സര്‍ക്കാരിന് അധിക ചെലവ് ഉണ്ടാകും. എയര്‍ ഇന്ത്യയുമായി ഇതുവരെയുളള ബാധ്യത കൊടുത്ത് തീര്‍ക്കാനും വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ കൗണ്ടറുകളില്‍ നിന്നോ ഐആര്‍സിടിസി, അശോക ട്രാവല്‍സ് ബല്‍മര്‍ ലോറി ആന്‍ഡ് കോ എന്നീ സ്ഥാപനങ്ങളില്‍ നിന്നോ ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്ന് നവംബര്‍ അഞ്ചിലെ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പില്‍ പറഞ്ഞിരുന്നു. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ 18,000 കോടി രൂപയ്ക്കാണ് ടാറ്റയ്ക്ക് വിറ്റത്.