kerala
മരംമുറി ഉത്തരവ് റദ്ദാക്കിയത് സ്വാഗതം ചെയ്ത് പ്രതിപക്ഷം; 'എന്തൊക്കെയോ ചീഞ്ഞ് നാറുന്നു, ജുഡീഷ്യല്‍ അന്വേഷണം വേണം'
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരം മുറിക്കുന്നതിന് ഉത്തരവിടാനുളള പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണം.
മരംമുറി ഉത്തരവിന് പിന്നില്‍ ആരാണെന്നുളളതും ഗൂഢാലോചനയില്‍ ആരൊക്കെ പങ്കാളികളാണെന്നും കണ്ടെത്തണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മരംമുറിക്ക് അനുവാദം കൊടുക്കുകയും പിന്നീട് ഉത്തരവ് മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്തതിന് കേരളം സുപ്രീംകോടതിയില്‍ മറുപടി പറയേണ്ടി വരും. മുല്ലപ്പെരിയാര്‍ കേസില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു' എന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് റദ്ദാക്കാനുളള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഈ വിഷയത്തില്‍ മന്ത്രിമാര്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമാണ് ഉളളതെന്നും സതീശന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നത്. മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ജലവിഭവ വനം വകുപ്പുകള്‍ തമ്മിലെ തര്‍ക്കം പരസ്യ പോരിലേക്ക് നീങ്ങിയിരുന്നു. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
ഉത്തരവ് റദ്ദാക്കി കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് ഇങ്ങനെ:
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വന്യജീവി)& ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നവംബര്‍ 5ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2021 ജനുവരി 22ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ മരംമുറിക്കല്‍ അനുവദിക്കാന്‍ കേന്ദ്ര പരിസ്ഥിതിവനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.