Headlines
Loading...
ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; ടോണിക്കും സംഘത്തിനും ജാമ്യം

ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; ടോണിക്കും സംഘത്തിനും ജാമ്യം

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 37,500 രൂപ വീതം ഓരോരുത്തരും കെട്ടിവെയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. ടോണിക്ക് പുറമെ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജോജുവിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ വാദിച്ചത്. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

എട്ട് പ്രതികളാണ് കേസിലുള്ളത്. കേസില്‍ ആദ്യം അറസ്റ്റിലായ ജോസഫിന്റെ ജാമ്യപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ജോസഫ്, പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് തുടങ്ങിയവരുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ജോജുവിന്റെ വാഹനം പ്രതികള്‍ തകര്‍ത്തത്. 

സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.
അതെസമയം, ജോജുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

മഹിളാ കോണ്‍ഗ്രസ് നേതാവ് ജോജുവിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മരട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുമ്പില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍ മാത്രമേ കേസെടുക്കുവെന്ന് പറയുന്നത് എന്ത് നീതിയാണെന്നും ടോണി കാറിന്റെ ചില്ല് തകര്‍ക്കുന്ന ദൃശ്യം ഉണ്ടായിട്ടാണോ കേസ് എടുത്തതെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.