Headlines
Loading...
ഗുജറാത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; മുഖം അടിച്ചു തകർത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

ഗുജറാത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; മുഖം അടിച്ചു തകർത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗാന്ധി ഘാതകന്‍ നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തു. ഗോഡ്സെയെ തൂക്കികൊന്നതിന്റെ 72–ാം വര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ജാംനഗറിലെ ഹനുമാന്‍ ആശ്രമത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജാംനഗർ കോൺഗ്രസ് അധ്യക്ഷൻ ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർ കല്ലുകൊണ്ട് പ്രതിമ തകർത്തു.കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ജാംനഗറിൽ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് ഹനുമാന്‍ ആശ്രമത്തില്‍ പ്രതിമ സ്ഥാപിച്ചത്. 'നാഥുറാം ഗോഡ്‌സെ അമർ രഹേ' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിമയുടെ അനാശ്ചാതനം.

ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചായിരുന്നു പ്രതിമ നിർമ്മിച്ചത്. ഇന്നലെ സ്ഥാപിച്ച പ്രതിമയെക്കുറിച്ച് വിവരം ലഭിച്ച് ചൊവ്വാഴ്ച സ്ഥലത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും പ്രവർത്തകരും പാറക്കല്ലും മറ്റുമുപയോഗിച്ച് പ്രതിമയുടെ മുഖം അടിച്ചു തകർത്തു. താഴെ വീണ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ പൂർണ്ണമായും തകർത്തു.അതേസമയം, ഗോഡ്‌സെയെയും നാരായൺ ആപ്‌തെയെയും വധിച്ച അംബാല ജയിലിൽ എത്തിച്ച മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെയുടെയും ആപ്‌തെയുടെയും പ്രതിമകൾ നിർമ്മിക്കുമെന്നും ഗ്വാളിയോറിലെ മഹാസഭയുടെ ഓഫീസിൽ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 1949 നവംബർ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.