ജലനിരപ്പ് 142 അടിയാക്കണമെന്ന് അണ്ണാഡിഎംകെ, പ്രതിഷേധവുമായി ബിജെപിയും
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് പിന്നാലെ ബിജെപിയും പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ വ്യക്തമാക്കി. തേനിയില്‍ അടക്കം പ്രതിഷേധം ശക്തമാക്കി സമരത്തിന് തുടക്കമിടുമെന്നും, തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിക്കാനുമാണ് ബിജെപിയുടെ തീരുമാനം.
പ്രതിഷേധം ശക്തമാക്കുന്നിതന്റെ ഭാഗമായി കാര്‍ഷികമേഖലകളിലൂടെ പദയാത്ര നടത്തുമെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു. ഡിഎംകെ സര്‍ക്കാര്‍ കേരളവുമായി ഒത്തുകളിക്കുകയാണ്. സഖ്യകക്ഷിയായ സിപിഎമ്മിനെ പ്രീണിപ്പിക്കുന്നതിനാണ് ഡിഎംകെ സംസ്ഥാന താല്‍പ്പര്യം കണക്കിലെടുത്ത് ഒത്തുകളിക്കുന്നതെന്നും അണ്ണാമലെ ആരോപിച്ചു.
അവകാശം വിട്ടുകൊടുക്കരുതെന്ന് എഐഎഡിഎംകെ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് നേടിയ അവകാശം വിട്ടുകൊടുക്കരുതെന്ന് എഐഎഡിഎംകെ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഒ പനീല്‍ശെല്‍വം ആവശ്യപ്പെട്ടു. തേനിയിലെ കമ്പത്ത് എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ അഞ്ചു ജില്ലകളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്