kerala
'തറവാട്ടിലേക്ക് മടങ്ങുന്നു'; സിപിഐഎമ്മില്‍ ന്യായീകരണ തൊഴിലാളിയായി മാറിയെന്ന് ചെറിയാന്‍ ഫിലിപ്പ്
ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പ്. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിചേര്‍ത്തു.
അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഒരു ചെടിയുടെ വളര്‍ച്ചയെ ഉപമിച്ചുകൊണ്ടായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വിശദീകരിച്ചത്.
'ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.' എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍.
ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയ ഗുരു എകെ ആന്റണിയില്‍ നിന്നും അനുഗ്രഹം തേടി. 20 വര്‍ഷത്തെ ഇടവെളക്ക് ശേഷം തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് കോണ്‍ഗ്രസ്. നാട്ടുരാജ്യങ്ങളായ ഇന്ത്യയെ രാഷ്ട്രമായി രൂപാന്തരപ്പെടുത്തുന്നതില്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും പങ്കുണ്ട്. ഇന്ത്യന്‍ ദേശീയതയെ വര്‍ഗീയതമായി രൂപാന്തരപ്പെടുത്തുകയും വര്‍ഗീയതയും ഏകാധിപത്യവും കൊടികുത്തി വാഴുമ്പോള്‍ ഫാസിറ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ ജനാധിപത്യത്തിന് മാത്രമെ കഴിയുകയുള്ളു.
കേരളത്തിനും ഐക്യകേരളം എന്ന സങ്കല്‍പ്പം ഉണ്ടായത് കോണ്‍ഗ്രസ് രൂപീകരണത്തിന് ശേഷമാണ്. രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം. കോണ്‍ഗ്രസ് ഭരണത്തിലെത്തണം. അതിനാലാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ കോണ്‍ഗ്രസിനെ കെട്ടിപടുക്കാന്‍ ഒപ്പം ചേരുന്നത്.
45 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും മുന്നേറ്റത്തില്‍ ചോരയും വിയര്‍പ്പും ചൊരിഞ്ഞു. എന്റെ യവ്വൗന ഊര്‍ജ്ജം മുഴുവന്‍ കോണ്‍ഗ്രസില്‍ ചൊരിഞ്ഞു. എന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അതൊരു സ്ഥിരം നിക്ഷേപമാണ്. എനിക്ക് മടങ്ങിപോകാന്‍ ഒരു പ്രശ്‌നവുമില്ല. എന്റെ അധ്വാനം അവിടെയുണ്ട്.ഞാന്‍ കോണ്‍ഗ്രസില്‍ ഒരു പോരാളിയായിരുന്നു. അതൊന്നും എനിക്ക് വേണ്ടിയല്ല.
ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ ആയിരുന്ന സമയത്ത് അധികാര കുത്തക ഉയര്‍ന്നുവന്നു. സ്ഥിരമായി ഒരേ എംഎല്‍എമാര്‍, അധികാര സ്ഥാനങ്ങളില്‍ അത് പാടില്ലായെന്ന് പറഞ്ഞു.പത്ത് വര്‍ഷം കഴിഞ്ഞ എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നാല്‍ അത് തിരസ്‌കരിച്ച് എല്ലാ എംഎല്‍എമാര്‍ക്കും സീറ്റ് കൊടുത്തു. അതില്‍ ക്ഷുഭിതനായി ഞാന്‍ കോണ്‍ഗ്രസ് വിട്ടു. എന്നെ ആരും പുറത്താക്കിയില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയിരിക്കുന്നു.
ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. അത് എനിക്ക് തിരിച്ചുപോക്കിന് സഹായകരമായ അന്തരീക്ഷം ഉണ്ടാക്കി തന്നു.
രാഷ്ട്രീയത്തില്‍ ഒരു സ്ഥാനമില്ലെങ്കിലും എന്റെ ശക്തി വിപുലമായ സൗഹൃദങ്ങളാണ്. ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.
കോണ്‍ഗ്രസ്സിനകത്ത് നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി. അമ്പത് വര്‍ഷത്തെ ചരിത്രം എഴുതാതിരുന്നത് പാര്‍ട്ടി ശത്രു ആകും എന്ന് ഭയന്ന്. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്സില്‍ പോകുന്നത്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നത്. ഞാന്‍ നിഷേധിച്ചതിന് ശേഷമാണ് കെടിഡിസി ചെയര്‍മാന്‍ പദവി വിജയകുമാറിന് നല്‍കിയത്.ഇപ്പോള്‍ സിപിഐ എമ്മില്‍ പോകുന്ന വര്‍ അനുഭവിച്ച് വരട്ടെ.