kerala
മുഖ്യമന്ത്രിയുടെതുള്‍പ്പടെ സംസ്ഥാനത്തെ ജനപ്രതിനിധികളുടെ 128 കേസുകള്‍ പിന്‍വലിക്കുന്നു; കേസുകളിൽ മുന്നില്‍ മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരായ 128 കേസുകള്‍ പിന്‍വലിച്ചു. മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 2016 മുതലുള്ള കേസുകളാണ് പിന്‍വലിച്ചിരിക്കുന്നത്.
നിലവിലെ എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളും, മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിക്കാന്‍ അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആറ് കേസുകളടക്കം ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 150 കേസുകള്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് നിലവില്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പിന്‍വലിച്ച കേസുകളുടെ എണ്ണത്തില്‍ മുന്നില്‍. മന്ത്രിയുടെ 13 കേസുകളാണ് പിന്‍വലിച്ചത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് എതിരായ ഏഴ് കേസുകളും പിന്‍വലിച്ചു.മുന്നണികളില്‍ എല്‍ഡിഎഫ് ആണ് പിന്‍വലിക്കപ്പെട്ട കേസുകളുടെ എണ്ണില്‍ മുന്നില്‍. ഭരണകക്ഷി പ്രവര്‍ത്തകര്‍ പ്രതികളായ 848 കേസുകളാണ് ഈ കാലയളവില്‍ പിന്‍വലിച്ചതെന്ന് നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.