Headlines
Loading...
അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറി; പൊലീസുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറി; പൊലീസുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് അപകടം. ഇന്‍ഫോ പാര്‍ക്കിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാര്‍ണിവല്‍ കോപ്ലക്‌സിന് മുമ്പിലുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന യുവാക്കള്‍ക്കും സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെ ഇന്‍ഫോപാര്‍ക്ക് കാര്‍ണിവല്‍ കോപ്ലക്‌സിന് മുമ്പിലാണ് അപകടമുണ്ടായത്. കാര്‍ കാര്‍ണിവല്‍ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന പുത്തന്‍കുരിശ് സ്വദേശികളായ ശ്രീകുട്ടന്‍, വിവേക്, കാണിനാട് സ്വദേശിയായ ശ്രീലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതര പരിക്കേറ്റ ശ്രീലേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പൊലീസ് ഉദ്യോഗസ്ഥരായ വിഎന്‍ സെല്‍വരാജും കെ സി വിനുവും ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ പോകാവെയാണ് നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറിയത്. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത് അപകടത്തില്‍ സെല്‍വരാജിന്റെ കാലിന് പരുക്കേറ്റിട്ടുണ്ട്. കാറിന്റെ വേഗതയില്‍ റോഡരികില്‍ കിടന്ന സിമന്റ് കട്ട തെറിച്ചുവീണാണ് സെല്‍വരാജിന്റെ കാലിന് പരുക്കേറ്റത്.പൊലീസുകാരും അപകടം നടന്നതറിഞ്ഞെത്തിയ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് യുവാക്കളെ കാറില്‍നിന്ന് പുറത്തിറക്കിയത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, അമിതവേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് വിവേകിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.