Headlines
Loading...
ദുരന്തമേഖലകളില്‍ ഭക്ഷ്യവിതരണം ഉറപ്പാക്കും; ജി ആർ അനില്‍

ദുരന്തമേഖലകളില്‍ ഭക്ഷ്യവിതരണം ഉറപ്പാക്കും; ജി ആർ അനില്‍

മഴക്കെടുതിയില്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷ്യ വിതരണം ഉറപ്പാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനില്‍. കേരളത്തിലാകെ 400 ഓളം ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 7800 ഓളം കുടുംബങ്ങളില്‍പ്പെട്ട 26000-ത്തോളം അംഗങ്ങള്‍ ഉണ്ട്. അവര്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തു വരികയാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം, എറണാകുളം, തിരുവനന്തപുരം റീജിയണിനു കീഴിലെ ക്യാമ്പുകള്‍ക്കായി 5000 ഓളം ചാക്ക് അരിയും, റവ, പയറു വര്‍ഗ്ഗങ്ങള്‍, മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തിട്ടുണ്ട്. തുടര്‍ന്നും ക്യാമ്പുകള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സ്റ്റോക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ റവന്യു/വില്ലേജ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്ന ഇന്‍ഡന്റ് പ്രകാരം മാവേലിസറ്റോറുകളില്‍ നിന്നും പലവ്യഞ്ജന സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും നല്‍കിവരുന്നു. കുട്ടിക്കലിലെ മാവേലിസ്റ്റോര്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ അകപ്പെട്ട് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ ആ പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂട്ടിക്കലിലെ മാവേലിസ്റ്റോറിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് എഴുപത്തിയഞ്ച് റേഷന്‍ കടകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ചതായും മന്ത്രി അറിയിച്ചു. 1,90,300 കിലോ അരി, 28500 കിലോഗ്രാം ഗോതമ്പ്, 1350 കിലോ പഞ്ചസാര, 1000 ലിറ്റര്‍ മണ്ണെണ്ണ, 10200 കിലോ ആട്ട എന്നിവയ്ക്കാണ് നാശനഷ്ടം സംഭവിച്ചത്. പത്തനംതിട്ട ജില്ലയില്‍ 31 കടകളിലാണ് വെള്ളം കയറിയത്. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് സമീപത്തുള്ള കടകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ മാറ്റുന്നതിലൂടെ നാശനഷ്ടങ്ങളുടെ അളവ് കുറയ്ക്കുവാനും സാധിച്ചു. കോട്ടയം 19, ആലപ്പുഴ 10 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നാശനഷ്ടം സംഭവിച്ച കടകളുടെ കണക്ക്.