
kerala
ബലാത്സംഗ ഭീഷണി; വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫടക്കം ഏഴ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്
എഐഎസ്എഫ് വനിത നേതാവിന്റെ പരാതിയില്‍ ഏഴ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അരുൺ കെ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ എംജി യൂണിവേഴ്സിറ്റിയിൽ നടന്ന എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തെ തുടർന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കള്‍ ജാതീയ അധിക്ഷേപം നടത്തുകയും ബലാത്സംഗ ഭീഷണി ഉയർത്തുകയും ചെയ്തെന്നും മർദിച്ചെന്നും എഐഎസ്എഫ് വനിതാ നേതാവ് ഗാന്ധിനഗർ പോലീസിന് കൊടുത്ത മോഴിയിൽ പറയുന്നു.
അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തില്‍ എഐഎസ്എഫിൻ്റ ആരോപണം തള്ളി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. എഐഎസ്എസ്എഫ് നടത്തുന്നത് വ്യാജ പ്രചരണം എന്നാണ് എസ്എഫ്ഐയുടെ വാദം. എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സെനറ്റ് തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് എസ്എഫ്ഐ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചെന്നും എസ്എഫ്ഐ വിശദീകരണത്തില്‍ പറയുന്നു.