Headlines
Loading...
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് സഹായം; പഞ്ചാബും - ഛത്തീസ്‌ഗഢും 50 ലക്ഷം രൂപ വീതം കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് നൽകും

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് സഹായം; പഞ്ചാബും - ഛത്തീസ്‌ഗഢും 50 ലക്ഷം രൂപ വീതം കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് നൽകും

ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ച് പഞ്ചാബ് ഛത്തിസ്ഗഢ് സര്‍ക്കാരുകള്‍. കര്‍ഷകര്‍ക്ക് പുറമെ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകനും ധന സഹായം നല്‍കും. 50 ലക്ഷം രൂപ വീതമാണ് കൊല്ലപ്പെട്ടവര്‍ക്ക് ഇരു സര്‍ക്കാരുകളും നല്‍കുക. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നേരത്തെ യുപി സര്‍ക്കാര്‍ 45 ലക്ഷം രൂപ നഷ്പരിഹാരം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, വാഹനത്തെ കര്‍ഷകര്‍ ആക്രമിച്ചെന്നുള്ള കേന്ദ്ര മന്ത്രിയുടെയും മകന്റെയും നിലപാട് തെറ്റാണെന്ന് വ്യക്തമാക്കി പുതിയ വീഡിയോ പുറത്തുവന്നു. മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുന്ന വ്യക്തതയുള്ള വിഡിയോ ദൃശ്യമാണ് പുറത്ത് വന്നത്. കറുത്ത എസ്.യു.വി വാഹനമാണ് പിന്നില്‍ നിന്നും അതിവേഗത്തിലെത്തി ആദ്യം കര്‍ഷകരെ ഇടിച്ചു തെറിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. ഇതിന് പിന്നാലെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി കടന്നുപോകുന്നതും പുതിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യു.പിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനങ്ങള്‍ ഇടിച്ച് കയറ്റിയ സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കെയാണ് കര്‍ഷകരെയാണ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിക്കുന്നത്.

അതേസമയം, ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ നേര വാഹനമിടിച്ച് കയറ്റിയ സംഭവം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ യുപി സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയേക്കും.

ഖേരിയിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി കൈവിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അജയ് മിശ്ര നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനമെടുത്തു. അക്രമം നടന്ന സ്ഥലത്ത് താനോ മകനോ ഉണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ചയിലും മന്ത്രി ആവര്‍ത്തിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.