national
വ്യാജ മാര്‍ക്ക് ലിസ്റ്റ്; ബിജെപി എംഎല്‍എക്ക് അഞ്ച് വര്‍ഷം തടവ്
വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോദഗിച്ച് ബിരുദം നേടിയ ബിജെപി എംഎല്‍എക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയോധ്യയിലെ ഗോസായിഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിക്കാണ് ശിക്ഷ ലഭിച്ചത്. 28 വര്‍ഷം പഴക്കമുളള കേസിനാണ് പ്രത്യേക കോടതി ജഡ്ജി പൂജ സിംഗ് വിധി പറഞ്ഞത്. അഞ്ച് വര്‍ഷം തടവും 8000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അയോധ്യയിലെ സാകേത് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ രണ്ടാംവര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇയാള്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് 1990ല്‍ അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് 1992ല്‍ ഇയാള്‍ക്കെതിരെ അന്നത്തെ കോളേജ് പ്രിന്‍സിപ്പലായ യദുവന്‍ഷ് റാം ത്രിപാഠി രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ പല ഒറിജിനല്‍ രേഖകളും നഷ്ടപ്പെട്ടു. രേഖകളുടെ കോപ്പികളായിരുന്നു പിന്നീട് കോടിതിയില്‍ ഉപയോഗിച്ചത്. പരാതിക്കാരനായ പ്രിന്‍സിപ്പല്‍ യദുവന്‍ഷ് ത്രിപാഠി മരിച്ചതിന് ശേഷം കോളേജിലെ മറ്റൊരു ഉദ്യോഗസ്ഥനായ മഹേന്ദ്ര അഗര്‍വാള്‍ കേസുമായി മുന്നോട്ടു പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് മാറ്റി.