Headlines
Loading...
'ബിജെപി സ്‌നേഹിക്കുന്നത് മനുഷ്യരെയല്ല'; സയ്യിദ് താഹ ബാഫഖി തങ്ങള്‍ വീണ്ടും രാജിവെച്ചു

'ബിജെപി സ്‌നേഹിക്കുന്നത് മനുഷ്യരെയല്ല'; സയ്യിദ് താഹ ബാഫഖി തങ്ങള്‍ വീണ്ടും രാജിവെച്ചു

ന്യൂനപക്ഷ കമ്മിറ്റി അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ രണ്ടാമതും ബിജെപിയില്‍ നിന്ന് രാജിവെച്ചു. ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് ഉള്ള അവഗണനയാണ് രാജിക്കു പിന്നില്‍. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് ബിജെപിക്ക് കൈമാറിയത്.

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ കൂടിയായ ഇദ്ദേഹം ബിജെപിയില്‍ നിന്നും ആദ്യം രാജിവെച്ചത്. എന്നാല്‍ ബിജെപിക്കാര്‍ പിന്തുടര്‍ന്ന് രണ്ടാമതും സംഘടനയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ വിശദീകരണം.

'രാജിവെച്ചിട്ടും എന്നെ ബിജെപി വിട്ടിട്ടില്ല. അതിന് ശേഷം കെ സുരേന്ദ്രന്‍ നടത്തിയ യാത്രയില്‍ വീണ്ടും വേദിയില്‍ കൊണ്ടുവന്നു. എന്നിട്ടും എന്നെ പരസ്യമായി അപമാനിക്കുന്നത് തുടര്‍ന്നു. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശ്യാം എന്ന വ്യക്തി പരസ്യമായി എന്നെ അധിക്ഷേപിച്ചു. അയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്. മതത്തെയാണ്. ഭിന്നിപ്പിക്കലാണ് ഏറ്റവും വലിയ ആയുധം.' സയ്യിദ് താഹ ബാഫഖി തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

നേരത്തെ മുസ്ലീം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ശേഷം ഡിസംബറില്‍ ആദ്യമായി രാജിവെച്ചു.