
kerala
ചവറയിലെ കൊടികുത്തൽ ഭീഷണി; ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം സസ്പെൻഡ് ചെയ്തു
ചവറ കൊടിക്കുത്തൽ ഭീഷണി വിവാദത്തിൽ നടപടി സ്വീകരിച്ച് സിപിഐഎം. ഭീഷണി മുഴക്കിയ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ബിജുവിനെ തൽസ്ഥാനത്തു നിന്ന് നീക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് നിർദേശിക്കുകയായിരുന്നു. വിവാദത്തിൽ ബ്രാഞ്ച് സെക്രട്ടറിക്ക് വീഴ്ച പറ്റിയില്ലെന്ന് നേരത്തെ സി പിഐഎം ജില്ലാ ഘടകത്തിന്റെ വിലയിരുത്തിയിരുന്നു.
ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ പാർട്ടിക്ക് അപമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസപെൻറ് ചെയ്തതായി ജില്ലാ സെക്രട്ടറി എസ്.സുദേവനാണ് അറിയിച്ചത്. ഉത്തരവാദിത്വമുള്ള ഒരു പാർട്ടി അംഗത്തിൻറെ പക്കൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ജില്ലാ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബ്രാഞ്ച് സെക്രട്ടറി, പ്രവാസിയുടെ ബന്ധുവിനോട് പണം ആവശ്യപ്പെട്ടുവെന്ന തരത്തിലെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. വിഷയത്തിൽ സിപിഐഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ കൊല്ലം കോവൂർ സ്വദേശികളായ ഷഹി വിജയനും ഭാര്യ ഷൈനിയും മുഖ്യമന്ത്രിക്കുൾപ്പെടെ പരാതിയും നൽകിയിരുന്നു. പിരിവ് നൽകാത്തതിനാൽ കുടുംബം മുഖംമൂടി മുക്കിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ പുറത്ത് കൊടി കുത്തുമെന്നും ഇതിനോട് ചേർന്നിരിക്കുന്ന സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പിന്നാലെ പ്രവാസിയുടെ ബന്ധു ബ്രാഞ്ച് സെക്രട്ടറിക്ക് വാഗ്ദാനം ചെയ്യുന്ന തരത്തിലെ ഫോൺ രേഖയും പുറത്തു വന്നു. സംഭവത്തിൽ തേലവക്കര കൃഷി ഓഫീസർക്കെതിരേയും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഡേറ്റാ ബാങ്കിൽ നിന്ന് സ്ഥസം ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇത് സിപിഐഎം നേതാവും കൃഷി ഓഫീസറും തമ്മിൽ ഒളിച്ചുകളിച്ചതാണെന്നുമാണ് പരാതിയിൽ പറയുന്നത്.
അതേസമയം, വിവാദ ഭൂമിയിൽ നിലം നികത്തൽ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചു. കഴിഞ്ഞ വർഷം സബ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടായി എന്ന് ചൂണ്ടിക്കാട്ടുന്ന രേഖയാണ് കൃഷി വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിന് നൽകിയത്. കഴിഞ്ഞ വർഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷം റിപ്പോർട്ട് സബ് കളക്ടർക്ക് സമർപ്പിക്കുകയായിരുന്നു. കൺവെൻഷൻ സെന്ററിനോട് ചേർന്ന പ്രദേശത്ത് നിലംനികത്തലുണ്ടായി. നിലത്ത് പില്ലർ സ്ഥാപിച്ച് മതിലു കെട്ടി വൃക്ഷങ്ങൾ നട്ടുപിടിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമിയിൽ വരുത്തിയ മാറ്റങ്ങളുടെ ചിത്രങ്ങളും ഉദ്യോഗസ്ഥർ പകർത്തിയിരുന്നു.
കൺവെൻഷൻ സെന്ററിന്റ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സിപിഐഎം നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. ശ്രീകുമാർ മന്ദിരത്തിനായി പതിനായിരം രൂപ പിരിവ് എഴുതിയിട്ട് രണ്ട് വർഷമായെന്നും പണം ചോദിക്കുമ്പോൾ കളിയാക്കി വിടുകയാണെന്നും ബിജു ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ഇനി പത്ത് പൈസ പിരിവ് വേണ്ട, നാളെ രാവിലെ വസ്തുവിൽ ഒറ്റപണി നടക്കില്ലെന്നും തഹസിൽദാരും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ഭീഷണി.