
kerala
300 മെഗാവാട്ടിന്റെ കുറവ്; ഉപഭോക്താക്കള്‍ വെദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനം അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ പത്തുമണിവെയുള്ള നാല് മണിക്കൂര്‍ സമയം വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം.
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണം. എന്നാല്‍ ഈ കുറവ് പവര്‍ കട്ടോ, ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ പരിഹരിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. ഇതിനാണ് ഉപഭോക്താക്കളുടെ പിന്തുണ തേടിയിരിക്കുന്നത്. വൈകുന്നേരം ആറുമണി മുതലുള്ള സമയത്താണ് വൈദ്യുത ഉപഭോഗം കൂടുന്നതെന്ന് പരിഗണിച്ചാണ് ഈ സമയത്തെ അനാവശ്യ വൈദ്യുത ഉപഭോഗം കുറയ്ക്കാന്‍ കെഎസ്ഇബി ആവശ്യപ്പെടുന്നത്.
ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന 300 മെഗാവാട്ടിലാണ് കുറവ് വന്നിരിക്കുന്നത്. ഈ കുറവ് പവര്‍ ഏക്‌സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വെെദ്യുത ഉത്പാദനം പര്യാപ്തമല്ലാത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.