Headlines
Loading...
നോക്കുകൂലി നൽകിയില്ല, തൊഴിലാളികൾക്ക് മർദനം; രണ്ടുപേർ അറസ്റ്റിൽ

നോക്കുകൂലി നൽകിയില്ല, തൊഴിലാളികൾക്ക് മർദനം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം∙ പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ടു നിർമാണ തൊഴിലാളികൾക്കു മർദനം. കരാറുകാരനായ മണികണ്ഠനാണ് മർദനമേറ്റത്. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അതിക്രമമുണ്ടായത്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ടവരാണ് മർദിച്ചത്.അതിക്രമം മൊബൈലിൽ പകർത്തിയയാളെയും യൂണിയന്‍കാർ മർദിച്ചു.  

സംഭവത്തിൽ, പോത്തൻകോട് പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു. ഐഎൻടിയുസിയിൽപ്പെട്ട വേണുഗോപാൽ, തുളസീധരൻ നായർ എന്നിവരാണ് അറസ്റ്റിലായത്. നോക്കുകൂലി വാങ്ങില്ലെന്നു പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപാണു നോക്കുകൂലി ആവശ്യപ്പെട്ടു ചുമട്ടുതൊഴിലാളികൾ നിർമാണ തൊഴിലാളികളെ മർദിക്കുന്നത്.

പോത്തൻകോട് കടുവാക്കുഴിയിൽ വീട് നിർമാണം നടക്കുന്നിടത്താണ് യൂണിഫോം പോലും ധരിക്കാതെ യൂണിയന്‍കാർ നോക്കുകുലി ആവശ്യപ്പെട്ടത്. സൈറ്റിലുണ്ടായിരുന്ന പലകകൾ മാറ്റിവച്ചതിനാണു നോക്കുകൂലി ചോദിച്ചത്. തുടർന്ന് ജോലിയും തടസപ്പെടുത്തി. നോക്കുകൂലി നൽകാനാവില്ലെന്ന് നിർമാണ തൊഴിലാളികൾ അറിയിച്ചത് വാക്കുതർക്കത്തിലും മർദനത്തിലും കലാശിക്കുകയായിരുന്നു.