national
വനിതകൾക്കും എൻ.ഡി.എ പരീക്ഷയിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല വിധിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തിന്‍റെ സായുധസേനകളുടെ ഭാഗമാവാൻ കൂടുതൽ വനിതകൾക്ക് സാധിക്കും. രാജ്യത്തിന്‍റെ സായുധസേനയിലെ വനിതപ്രാതിനിധ്യത്തിന്‍റെ കാര്യത്തിൽ ഇടുങ്ങിയ മനസ്ഥിതിയുമായി നടക്കുന്നവരെ സുപ്രീംകോടതി വിമർശിച്ചു.
മാനസികാവസ്ഥയുടെ പ്രശ്നമാണിത്. കേസിൽ ഉത്തരവിറക്കാൻ നിർബന്ധിക്കരുത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്ത്രീ-പുരുഷ വിവേചനം സൃഷ്ടിക്കുന്നതാണ്. നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എസ്.കെ.കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിേന്റതാണ് സുപ്രധാന നിരീക്ഷണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻ.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്റ്റിസുമാർ അതൃപ്തി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അജയ് റാസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന വിധി കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായിരുന്നു. ഇതേ രീതിയിൽ തന്നെയാണ് തങ്ങളും ചിന്തിക്കുന്നതെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു.