Headlines
Loading...
സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം: കുഫോസ് വിദ്യാർഥികളുടെ നിലപാട് മാതൃകയെന്ന് ഗവർണർ

സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം: കുഫോസ് വിദ്യാർഥികളുടെ നിലപാട് മാതൃകയെന്ന് ഗവർണർ

സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് വിദ്യാർഥികളെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുഫോസ് വിദ്യാർഥികൾ സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം സർവകലാശാല വൈസ് ചാൻസലർ ചടങ്ങിൽവെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറി.

ഇത്തരമൊരു സത്യവാങ്മൂലം നൽകുന്നവർക്കേ സർവകലാശാല  ബിരുദം സമ്മാനിക്കൂ എന്ന്  ചാൻസലർകൂടിയായ ഗവർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രവർത്തിയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാൻ കൂടിയാണ്  ഉദ്ദേശിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. തങ്ങളെ പോലെ മറ്റു ക്യാമ്പസുകളും ഇത് മാതൃകയാക്കണമെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

കുഫോസ് യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മഹിളാമോർച്ച ദേശീയ  പ്രസിഡന്റ് വനദി ശ്രീനിവാസൻ പറഞ്ഞു. സ്ത്രീധനം ഒരു സാമൂഹ്യ വിപത്ത് ആണെന്നും അതിനെതിരെയുള്ള ഏത് നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു