Headlines
Loading...
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ അപലപനീയം; തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ അപലപനീയം; തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങള്‍ അപലപനീയമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സഭയില്‍ ഉള്‍പ്പെടെ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. മുഖ്യമന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ സര്‍ക്കാരിന് അവ്യക്തത ഇല്ലെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതു നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സി.സി.ടി.വി. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്. ഒ.പി., കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതല്‍ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രം നിയമിക്കുന്നതാണ്. ആശുപത്രി വികസന സമിതികള്‍ അല്ലെങ്കില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഇനിമുതല്‍ വിമുക്തഭടന്‍മാരെ മാത്രമേ നിയമിക്കാവൂ.