Headlines
Loading...
ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയില്‍; ജയിലില്‍ പോകാന്‍ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയില്‍; ജയിലില്‍ പോകാന്‍ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

രാജ്കോട്ട്: പൊലീസ് സ്റ്റേഷന് തീയിട്ടതിന് യുവാവ് പറഞ്ഞ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലീസ്. തിങ്കളാഴ്ച്ചയാണ് രാജ്കോട്ടിലെ പൊലീസ് ചൗക്കിക്ക് ഇരുപത്തിമൂന്നുകാരനായ യുവാവ് തീയിട്ടത്.

പൊലീസ് സ്റ്റേഷന് തീയിട്ടാൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്നും അതിനുവേണ്ടി തന്നെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്കൊപ്പം വീട്ടിൽ കഴിയുന്നതിനേക്കാൾ ഭേദം ജയിൽ ആണെന്നാണ് ദേവ്ജി ചവ്ദ എന്നയാൾ പറഞ്ഞത്. വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങൾ കേട്ട് മടുത്തെന്നും ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്.

രാജ്കോട്ടിലെ ജംനാഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പൊലീസിനെ വിവരം അറിയിച്ചത്.

വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ ദേവ്ജി മുന്നിൽ തന്നെയുണ്ടായിരുന്നു. പൊലീസിനെ കണ്ടിട്ടും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി.