national
ഹിമാചലില്‍ ദേശിയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; നിരവധി പേര്‍ മണ്ണിനടിയില്‍
ഹിമാചൽ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് 50 ൽ അധികം ആളുകളെ കാണാതായി. ബസ്, ട്രക്ക്, കാറുകൾ അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. നിരവധി ആളുകൾ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
റെക്കോങ് പീ-ഷിംല പാതയിൽ കിനൗറിൽ ഉച്ചക്ക് 12.45 ഒാടെയാണ് അപകടം. ദേശീയപാത വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാൻസ്‌പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.
ഉയരത്തിൽ നിന്നുള്ള ഉരുളൻ കല്ലുകളും മണ്ണും പാതയിലേക്ക് വീഴുകയായിരുന്നു. കാറുകളടക്കമുള്ള വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലില്‍ ദേശീയപാത പൂർണമായി തടസപ്പെട്ടു.
ഇൻഡോ തിബത്തൻ ബോർഡർ േപാലീസ് സംഘത്തെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു.