Headlines
Loading...
15 ല്‍ എട്ടിടത്തും എല്‍ഡിഎഫ്; 7 ല്‍ യുഡിഎഫ്; ആലപ്പുഴയില്‍ നറുക്കെടുപ്പ്; ഉപതെരഞ്ഞെടുപ്പ് അന്തിമ ഫലം

15 ല്‍ എട്ടിടത്തും എല്‍ഡിഎഫ്; 7 ല്‍ യുഡിഎഫ്; ആലപ്പുഴയില്‍ നറുക്കെടുപ്പ്; ഉപതെരഞ്ഞെടുപ്പ് അന്തിമ ഫലം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 15 വാര്‍ഡുകളില്‍ 8 ഇടത്ത് എല്‍ഡിഎഫും 7 ഇടത്ത് യുഡിഎഫും വിജയിച്ചു. കണ്ണൂര്‍ ആറളത്ത് മികച്ച വിജയം എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കി. ആലപ്പുഴ മുട്ടാറില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യത പാലിച്ചതോടെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 

കണ്ണൂര്‍- കണ്ണൂരിലെ ആറളത്തെ വീര്‍പ്പാട് വാര്‍ഡില്‍ അട്ടിമറി വിജയത്തോടെ പഞ്ചായത്ത് ഭരണം പടിച്ചെടുക്കാമെന്ന യുഡിഎഫ് പ്രതിക്ഷകളെ 137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി മറുപടി നല്‍കിയത്. കഴിഞ്ഞ തവണ 8 വോട്ടിന് പരാജയപ്പെട്ട സുരേന്ദ്രന്‍ പാറക്കത്താഴത്തെ തന്നെ യുഡിഎഫ് വീണ്ടും മത്സരിപ്പിച്ചെങ്കിലും പരാജയം കനത്തതായി. 

വയനാട്- സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷന്‍ യൂഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണനാണ് വിജയിച്ചത്. ഇതോടെ 35 അംഗ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് 24 അംഗങ്ങളായി. എല്‍ഡിഎഫ് 547 വോട്ടുകളും യുഡിഎഫ് 435 വോട്ടുകളും നേടി. 

കോഴിക്കോട്- വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് 196 വോട്ട് അധികം നേടി കെടി ഷബിനയിലൂടെ എല്‍ ഡി എഫ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 327 വോട്ടിന്റെ ഭൂരിപക്ഷം നേരത്തെയുണ്ടായിരുന്നു.

എറണാകുളം- കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ഷജി ബെസി എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തിയതോടെ ഭരണമാറ്റ ആശങ്കയൊഴിഞ്ഞു. 

ആലപ്പുഴ- മുട്ടാറില്‍ യുഡിഎഫും എല്‍ഡിഎഫും 168 വോട്ടുകള്‍ നേടി തുല്യനില പാലിച്ചതോടെ നറുക്കെടുപ്പ് നടത്തി. ഭാഗ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണിക്കൊപ്പം നിന്നു. ഇവിടെ 5 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.

കോട്ടയം
- കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് വിജയിച്ചത്.കേരള കോണ്‍ഗ്രസ് എം ലെ ടോമി ഇടയോടിയിലിനെയാണ് തോല്‍പ്പിച്ചത്. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്നതാണ് വാര്‍ഡ്. വിജയം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്‌നമായിരുന്നു. അതേസമയം ശക്തി കേന്ദ്രമായ പാലാ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഇനി തോല്‍ക്കരുതെന്ന വാശിയിലാണ് കേരള കോണ്‍ഗ്രസ് (എം). 

പത്തനംതിട്ട- പത്തനംതിട്ട കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. എല്‍.ഡി.എഫിലെ അലക്‌സാണ്ടര്‍ ഡാനിയേല്‍ മുന്നൂറ്റി ഇരുപത്തിമൂന്ന് വോട്ടിന്റ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ഗ്രാമ പഞ്ചായത്തിലെ ആകെയുള്ള ഇരുപത് സീറ്റില്‍ എല്‍.ഡി.എഫിന് പതിനൊന്ന് സീറ്റായി. 

തിരുവനന്തപുരം- നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സ്ഥാനാര്‍ത്ഥി എസ് രാധാകൃഷ്ണന്‍ 112 വോട്ടുകള്‍ക്കാണ് വിജയിച്ചത്.