Headlines
Loading...
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും; ഹോട്ടലിനുള്ളില്‍ ഭക്ഷണം; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും; ഹോട്ടലിനുള്ളില്‍ ഭക്ഷണം; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, മുന്‍ എംഎല്‍എ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഞായറാഴ്ച പകലാണ് സംഭവം. കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണിമുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് നല്‍കുന്ന വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ ആവര്‍ത്തിച്ചു.

ഇതിനിടെ ഹോട്ടലിനെതിരെ കസബ പോലീസ് കേസ് എടുത്തു.