
kerala
‘ഞങ്ങള്‍ പറയുന്നു, മുസ്ലിം കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പില്‍ യാതൊരു കുറവും വരില്ല’; മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളില്‍ ആര്‍ക്കും കുറവ് വരില്ലെന്നും ഒരു കൂട്ടരുടെ പരാതി പരിഹരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം മനസിലാക്കിയാണ് പ്രതിപക്ഷ നേതാവ് ആദ്യം സര്‍്ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞത്; ‘ഹൈക്കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത് ഈ തരത്തില്‍ വിവേചനപരമായി സ്‌കോളര്‍ഷിപ്പ് വിതരണം തുടരാന്‍ പറ്റില്ലെന്നാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ആനുകൂല്യങ്ങളില്‍ ആര്‍ക്കും കുറവും വരില്ല. പരാതിയുണ്ടായിരുന്നവര്‍ ജനസംഖ്യാനുപാദത്തില്‍ ആനുകൂല്യം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്നെ ആദ്യം ഇക്കാര്യത്തില്‍ അഭിനന്ദനം അറിയിച്ച് രംഗത്തു വന്നത്. യാതൊരു ആശങ്കയും ഇക്കാര്യത്തില്‍ വേണ്ട. ആര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കുറവ് വരില്ല. പരാതിയുണ്ടായിരുന്ന കൂട്ടരുടെ പരാതി സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്.
മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്നതില്‍ തര്‍ക്കമില്ല. അത് നേരത്തെ വ്യക്തമായ വസ്തുതയാണ്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട, ഒരു കുറവും വരില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ച കാര്യം ന്യൂനപക്ഷങ്ങളെ എല്ലാവരെയും ഒരു പോലെ കാണണമെന്നാണ്.
ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരാതെ മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നതില്‍ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവിനെ തിരുത്തുന്ന സമ്മര്‍ദ്ദം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായി. കുറവ് വന്നാല്‍ ചൂണ്ടിക്കാണിക്കുക, പരിഹരിക്കും. പറഞ്ഞത് മാറ്റിപ്പറയുന്നവരല്ല ഞങ്ങള്‍, പറഞ്ഞത് നടപ്പിലാക്കാനിരിക്കുന്നവരാണ് ഞങ്ങള്‍. ആ ഞങ്ങള്‍ പറയുന്നു ആ കുട്ടികള്‍ക്ക് ഒരു കുറവും വരില്ല.