Headlines
Loading...
അഞ്ചു പുതിയ സിക്ക കേസുകള്‍; അഞ്ചുപേര്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 11 രോഗികള്‍

അഞ്ചു പുതിയ സിക്ക കേസുകള്‍; അഞ്ചുപേര്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 11 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി., കോയമ്പത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 35 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി. ഇന്നലെ തിരുവനന്തപുരം നെടുങ്കാട്, ആനയറ സ്വദേശികളിലായി രണ്ടുപേര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 13 ഇടങ്ങളില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സിക്ക പശ്ചാത്തലത്തില്‍ ഓരോ വാര്‍ഡിനെയും ഏഴായി തിരിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് മേയര്‍ അറിയിച്ചിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയര്‍ വ്യക്തമാക്കി