national
യുപിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ കകോരി പ്രദേശത്തുനിന്നും അല്‍ഖ്വയ്ദ ബന്ധമുള്ള രണ്ട് ഭീകരര്‍ പിടിയില്‍. യുപിയില്‍ വന്‍സ്‌ഫോടനത്തിന് പദ്ധതിയിട്ട ഭീകരരെയാണ് യുപി ഭീകരവാദവിരുദ്ധ സ്‌ക്വാഡ് കുടുക്കിയത്. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രഷര്‍ കുക്കര്‍ ബോംബുകള്‍, ഒരു ഡിറ്റണേറ്റര്‍, 6 മുതല്‍ 7 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ കകോരി പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ സന്ദേശത്തെത്തുടര്‍ന്നാണ് യുപി ഭീകരവാദവിരുദ്ധ സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി ഭീകരരെ പിടികൂടുന്നത്.
അറസ്റ്റിലായവരുടെ പേരുകള്‍ ഇതുവരെ ഐജി വെളിപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാമെന്നാണ് ഭീകരവാദവിരുദ്ധ സ്‌ക്വാഡ് പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനുശേഷം ബോംബ് നിര്‍മ്മാര്‍ജന സംഘത്തെ വിളിപ്പിക്കുകയും ബോംബുകള്‍ നിര്‍വ്വീര്യമാക്കുകയും ചെയ്തതായി ഭീകരവാദവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷാ സേനയുടെ ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഭീകരവാദവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദില്‍ പിടിയിലായ ഭീകരര്‍ക്ക് അംഗത്വമുണ്ടെന്നാണ് ഭീകരവാദവിരുദ്ധ സ്‌ക്വാഡ് മനസിലാക്കുന്നത്. അതിനിടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായിട്ടുണ്ട്.