Headlines
Loading...
‘തിയറ്ററിന്റെ നഷ്ടം’; മാലിക് അതിഗംഭീരമെന്ന് പ്രേക്ഷകർ

‘തിയറ്ററിന്റെ നഷ്ടം’; മാലിക് അതിഗംഭീരമെന്ന് പ്രേക്ഷകർ

മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ‘മാലിക്’ ഒടിടി റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തി. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാലിക് തിയറ്ററുകളിൽ കാണേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നും മഹേഷ് നാരായാണന്റെ ഏറ്റവും മികച്ച വർക്ക് ആണ് മാലിക്കിലേതെന്നും ആസ്വാദകർ അഭിപ്രായപ്പെടുന്നു.


2020 ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തിക്കാൻ പദ്ധതിയിട്ട ചിത്രമാണ് മാലിക്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ റിലീസ് പ്രതിസന്ധിയിലായി. അങ്ങനെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുന്നത്.




അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ചിത്രത്തിൽ എത്തുന്നു. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും സിനിമയിലൂടെ കാണാം. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.




ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ എന്നിവരും അഭിനയിക്കുന്നുണ്ട്.



ചിത്രത്തിന്റെ റിലീസ് ദിവസം നിർമാതാവ് ആന്റോ ജോസഫ് എഴുതിയ കുറിപ്പ്: മാലിക്‌ നാളെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. ആമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം ചെയ്ത മഹേഷ് ‌ നാരായണന്റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോർട്ടിന്റെ,  മറ്റ്‌ അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആർട്ട്‌ ഡയറക്റ്റർ സന്തോഷ്‌ രാമന്റെ, കോസ്റ്റ്യൂംസ്‌ ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്‌ഷൻ കൺട്രോളർ അലക്സ് കുര്യന്റെ ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. 

തീർച്ചയായും, ഒരു ഗംഭീര തിയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്‌. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമാതാവ്‌ എന്ന നിലയിൽ മാലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, ഒടിടിയിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക. ഏറെ സ്നേഹത്തോടെ ആന്റോ ജോസഫ്.