മഥുര: മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മഥുര കോടതി തള്ളി. ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി അപേക്ഷ നിരാകരിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനായി മാത്രമാണ് താൻ ഹാഥ്‌റസിലേക്ക് യാത്ര ചെയ്തതെന്നാണ് കാപ്പൻ കോടതിയിൽ അറിയിച്ചത്. കേസിൽ എട്ട് മാസത്തിലേറെയായി കാപ്പന്‍ ജയിലിൽ കഴിയുകയാണ്. അറസ്റ്റിന് ശേഷം അസുഖ ബാധിതയായ അദ്ദേഹത്തിന്‍റെ മാതാവ് ഈയിടെ മരണപ്പെട്ടിരുന്നു. കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.