
kerala
മൂന്നാം തരംഗം തൊട്ടടുത്തെന്ന് ഐഎംഎ മുന്നറിയിപ്പ്; ‘അലംഭാവം ഉണ്ടാകുന്നത് വേദനിപ്പിക്കുന്നു’
കൊവിഡ് മൂന്നാംതരംഗം രാജ്യത്ത് എത്തിക്കഴിഞ്ഞുവെന്നും ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് മാനദണ്ഡങ്ങളില്‍ ജനങ്ങളുടേയും അധികൃതരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടാകുന്നുണ്ടെന്നും അത് ഏറെ വേദനിപ്പിക്കുന്നതാണ്. അടുത്ത മൂന്നാഴ്ച്ചക്കാലം നിർണ്ണായകമാണെന്നും ഐഎംഎ വ്യക്തമാക്കി.
‘മഹാമാരികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കൊവിഡിന്റെ മൂന്നാംതരംഗം ഒഴിവാക്കാനാകില്ല. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ അധികൃതരുടേയും പൊതുജനങ്ങളുടേയും അലംഭാവം ഉണ്ടാകുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജനം ഒത്തുകൂടുന്നത് ഏറെ ദു:ഖകരമാണെന്നും’ പുറത്തിറക്കിയ പ്രസ്താവനയില്‍ ഐഎംഎ പറഞ്ഞു.
‘വിനോദ സഞ്ചാരം, തീര്‍ഥാടനം, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണെങ്കിലും നാം ഏതാനും മാസം കൂടി കാത്തുനില്‍ക്കേണ്ടതുണ്ട്. ഇത്തരം ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നതും വാക്‌സിനെടുക്കാതെ ആളുകള്‍ പങ്കെടുക്കുന്നതും ഇവയെ കൊവിഡിന്റെ സൂപ്പര്‍ പകര്‍ച്ചാ കേന്ദ്രങ്ങളാക്കി മാറ്റും’.
ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന സാമ്പത്തിക വരുമാനത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ചെലവിടേണ്ടിവരും. കഴിഞ്ഞ ഒന്നരവര്‍ഷത്തിന്റെ അനുഭവം വിലയിരുത്തിയാല്‍, വാക്‌സിനേഷനിലൂടെയും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാംതരംഗത്തെ പ്രതിരോധിക്കാനാകൂവെന്നും ഐഎംഎ കൂട്ടിച്ചേർത്തു.