kasaragod
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.75 കോടി തട്ടി; 13 പേർക്കെതിരെ കേസ്
ഉദുമ∙ മുക്കുപണ്ടം പണയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ 2.75 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ 13 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഉദുമ, ബേക്കൽ , കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്ദുൾ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത് , മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വ്യത്യസ്ത ഘട്ടങ്ങളിലായാണ് മുക്കുപണ്ടം തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജർ റിജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കളനാട് സ്വദേശിയായ മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പിന് തുടക്കം. ആദ്യം മുഹമ്മദ് സുഹൈർ 3 തവണ സ്വർണം പണയപ്പെടുത്തി. പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി തുടർന്ന് വിവിധ അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
പണയപ്പെടുത്തിയവർ ഏറെ വിശ്വാസമുള്ള ആളായതിനാൽ ബാങ്ക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയില്ലെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓഡിറ്റിങ് സമയത്ത് സ്വർണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സ്വർണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മുഴുവൻ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
തുടർന്ന് ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബേക്കൽ ഡി വൈഎസ്‌പി സി.കെ സുനിൽകുമാറിന്റെ നിർദേശ പ്രകാശം ബേക്കൽ സിഐ പി.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Report by: Vijaya Raj udma