kerala
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി; 17.31 നിന്നും 23.51 കോടിയാക്കി
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് നല്‍കുന്ന പ്രധാനപ്പെട്ട എട്ട് സ്‌കോളര്‍ഷിപ്പുകള്‍ക്കായി നീക്കിവച്ചിരുന്ന തുകയുടെ വിഹിതം ഉയര്‍ത്തി. ഇതുവരെ ചെലവഴിച്ചിരുന്ന 17.31 കോടി രൂപയില്‍ നിന്നും 23.51 കോടിയായാണ് ഉയര്‍ത്തിയത്. ജനസംഖ്യാനുപാതികമായല്ല ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത് എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് ഘടന സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കിയതെന്ന് മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ച 20 ശതമാനം ജനസംഖ്യാനുപാതികമായല്ലെന്ന് 2021 മേയ് മാസത്തിലായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മുസ്‌ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുവദിച്ചായിരുന്നു പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കി മുസ്‌ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.
2011 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രൈസ്തവ വിഭാഗങ്ങള്‍ക്കുകൂടി ഇടതുസര്‍ക്കാര്‍ ബാധകമാക്കി. പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാരും ഇത് തുടര്‍ന്നു. പിന്നാലെ കോടതി ഇടപെടല്‍ വന്നതോടെയാണ് ഇപ്പോഴത്തെ പുതുക്കല്‍. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണ് കേരളത്തില്‍ നിലവില്‍ പഠനം നടന്നിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെബി കോശി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്ക്കനുസരിച്ചായിരിക്കാം ഇനിയുള്ള മാറ്റം പരിഗണിക്കുക. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇതേ രീതിയില്‍ തുടരാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം.