Headlines
Loading...
സുധാകരന് തെരുവു ഗുണ്ടയുടെ ഭാഷ; കെപിസിസി അധ്യക്ഷനായി നിയമിച്ചവരും മറുപടി പറയണമെന്ന് എ വിജയരാഘവന്‍

സുധാകരന് തെരുവു ഗുണ്ടയുടെ ഭാഷ; കെപിസിസി അധ്യക്ഷനായി നിയമിച്ചവരും മറുപടി പറയണമെന്ന് എ വിജയരാഘവന്‍

കോളേജ് പഠന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന പരാമര്‍ശം കെപിസിസി അധ്യക്ഷന് യോജിച്ചതല്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് കെ സുധാകരന്‍ സംസാരിക്കുന്നതെന്നും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

‘കെപിസിസി അധ്യക്ഷന്റെ വികട ഭാഷണങ്ങള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഒരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറും എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ആ ക്രിമിനല്‍ സ്വഭാവത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു വന്നുകൊണ്ടിരിക്കുന്നത്. തെരുവു ഗുണ്ടകളുടെ ഭാഷയില്‍ കെപിസിസി അധ്യക്ഷന്‍ സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്ന അവരാണ് പരിശോധിക്കേണ്ടത്. അദ്ദേഹത്തെ കെപിസിസി അധ്യക്ഷനായി നിമയമിച്ചവരും ഇതു സംബന്ധിച്ചുള്ള അഭിപ്രായം പറയേണ്ടവരാണ്,’ എ വിജയ രാഘവന്‍ പറഞ്ഞു.

ഇതിനിടെ ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും കെ സുധാകരനെ പിന്തുണച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മരം മുറി വിവാദത്തില്‍ നിന്നും വഴി തിരിച്ച് വിടാന്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വന്നിട്ടുള്ളയാളാണ്. അഴിമതി മറച്ച് പിടിക്കാനുള്ള വ്യഗ്രതയാണ് അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മുന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ പോലും പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് എതിരെയെല്ലാം ഉയരാറുണ്ട്. അതിന് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയായില്ല. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.