Headlines
Loading...
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്തു; കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്തു; കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് രമേശ് ചെന്നിത്തല

ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും കെ സുധാകരനെ പിന്തുണച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മരം മുറി വിവാദത്തില്‍ നിന്നും വഴി തിരിച്ച് വിടാന്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വന്നിട്ടുള്ളയാളാണ്. അഴിമതി മറച്ച് പിടിക്കാനുള്ള വ്യഗ്രതയാണ് അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മുന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ പോലും പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് എതിരെയെല്ലാം ഉയരാറുണ്ട്. അതിന് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയായില്ല. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് കൊണ്ട് പറയാന്‍ പാടില്ലാത്ത നിലപാടാണിത്. പിആര്‍ ഏജന്‍സി ഇല്ലാത്തത് കൊണ്ടായിരിക്കാം ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇത്തരം പരാമര്‍ശങ്ങളുമായി രംഗത്ത് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന വ്യക്തി കെപിസിസി പ്രസിഡന്റിനെതിരെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കോവിഡിന്റെ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ കാണുന്നതാണ്. മുഖ്യമന്ത്രി പത്രസമ്മേളനത്തെ ദുരുപയോഗിച്ചു. ഇത് അംഗീകരിക്കാനാവില്ല, പലപ്പോളും വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തെ നേതാക്കളെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് കെ സുധാകരന്റെ അവകാശവാദത്തെ ഘണ്ഡിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്‍ ബ്രണ്ണന്‍ കോളേജ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചത്. പിന്നാലെയായിരുന്നു വിവാദങ്ങള്‍ക്കും തുടക്കമായത്.