ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ 1966ലെ ഇംഗ്ലീഷ് പ്രേതങ്ങൾ ഉയിർത്തെഴുന്നേറ്റു. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത ഇംഗ്ലീഷ് കാണികൾക്ക് മുന്നിൽ വീണ്ടും അവരത് നേടി. യൂറോയിലും ലോകകപ്പുകളിലും പതിറ്റാണ്ടുകളായി ജർമൻ പട തന്ന സങ്കടങ്ങൾക്ക് 75ാം മിനിറ്റിലെ റഹീം സ്റ്റെർലിങ്ങിെൻറയും 86ാം മിനിറ്റിൽ ഹാരി കെയ്നിെൻറയും ഗോളിലൂടെ ഇംഗ്ലണ്ട് കണക്ക് തീർക്കുകയായിരുന്നു. ടൂർണമെൻറിൽ മറ്റൊരു ഗോളിനും ലഭിക്കാത്ത ആരവങ്ങളോടെയാണ് ഇംഗ്ലീഷ് കാണികൾ അവയെ വരവേറ്റത്.
പ്രതിരോധം വിട്ടുകളിക്കാതെയാണ് ഇരു ടീമുകളും തുടക്കം മുതൽ പന്തുതട്ടിത്തുടങ്ങിയത്. അഞ്ചു പ്രതിരോധ നിരക്കാരെ അണി നിരത്തി ടീം പ്രഖ്യാപിച്ചപ്പോഴേ ഇംഗ്ലണ്ട് നയം വ്യക്തമാക്കിയിരുന്നു. 15ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടയോടെയാണ് മത്സരം മുറുകിയത്. 31ാം മിനിറ്റിൽ തിമോ വെർണർക്ക് ലഭിച്ച സുവർണാവസരം ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിെൻറ കാലുകളിലുടക്കി കടന്നുപോയി. 45ാം മിനിറ്റിൽ ഗോളിലേക്ക് നിറയൊഴിക്കാമായിരുന്ന അവസരം ഹാരികെയ്ൻ കളഞ്ഞു കുളിച്ചു. ആദ്യപകുതിയിൽ ഓർത്തിരിക്കാനുണ്ടായിരുന്നത് ഇത്രമാത്രം.