Sports
പെഷവാർ സാൽമിയെ തോൽപിച്ച് മുൾട്ടാൻ സുൽത്താൻസിന് ആദ്യ പിഎസ്എൽ കിരീടം
പെഷവാർ സാൽമിയെ തോൽപിച്ച് മുൾട്ടാൻ സുൽത്താൻസിന് ആദ്യ പാകിസ്താൻ സൂപ്പർ ലീഗ് കിരീടം. 47 റൺസിനാണ് 2017ലെ ജേതാക്കളായ പെഷവാർ സാൽമിയെ മുൾട്ടാൻ സുൽത്താൻസ് കെട്ടുകെട്ടിച്ചത്. മുൾട്ടാൻ മുന്നോട്ടുവച്ച 207 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്നിറങ്ങിയ പെഷവാറിന് 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ.
4 വിക്കറ്റ് നഷ്ടത്തിലാണ് മുൾട്ടാൻ സുൽത്താൻസ് 206 റൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻസിനു വേണ്ടി ബാറ്റ്സ്മാന്മാരെല്ലാം തിളങ്ങി. ഷാൻ മസൂദും (37) മുഹമ്മദ് റിസ്‌വാനും (30) ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 68 റൺസാണ് ഇന്നിംഗ്സിലേക്ക് ചേർത്തത്. മുതിർന്ന താരം ഷൊഐബ് മഖ്സൂദ് 65 റൺസടിച്ച് ടോപ്പ് സ്കോററായി. 21 പന്തിൽ 50 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം റൈലി റുസോ, 5 പന്തിൽ 15 റൺസെടുത്ത ഖുഷ്ദിൽ ഷാ എന്നിവർ ചേർന്നാണ് അവരെ 200 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പെഷവാർ സാൽമിക്ക് കമ്രാൻ അക്മൽ (36) മികച്ച തുടക്കം നൽകിയെങ്കിലും തുടരെ വിക്കറ്റുകൾ വീണത് തിരിച്ചടിയായി. 48 റൺസെടുത്ത ഷൊഐബ് മാലിക്കാണ് പെഷവാറിൻ്റെ ടോപ്പ് സ്കോറർ. അക്മലിനും മാലിക്കിനുമൊപ്പം റോവ്മൻ പവൽ (23), ഷെർഫെയിൻ റൂതർഫോർഡ് (18) എന്നിവർക്കൊഴികെ വേറെ ആർക്കും ഇരട്ടയക്കം കടക്കാനായില്ല. മുൾട്ടാനായി ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റ് വീഴ്ത്തി.