kerala
രേഷ്മ ഗർഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു; രേഷ്മയുടെ ഭര്‍ത്താവ്
കല്ലുവാതുക്കൽ: രേഷ്മ ഗർഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഭർത്താവ് വിഷ്ണു. കല്ലുവാതുക്കലിൽ കരിയിലക്കൂനയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവാണ് വിഷ്ണു.
തനിക്ക് ഇക്കാര്യത്തെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഫെയ്സ്ബുക്കിൽ മണിക്കൂറുകളോളം ചെലവിടുന്നതിന്റെ പേരിൽ താനും രേഷ്മയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒരു ദിവസം ആ ഫോൺ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരിൽ ഫോൺ താൻ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തത് അറിയില്ലെന്നും വിഷ്ണു പറയുന്നു.
ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവ് രഞ്ജിത്തും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. രേഷ്മമയുടെ എഫ്.ബി അക്കൗണ്ട് ആര്യ പരിശോധിക്കാറുണ്ടായിരുന്നുവെന്നും ആൺസുഹൃത്തുമായി രേഷ്മ ചാറ്റ് ചെയ്യുന്നത് ആര്യയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ഈ ആൺസുഹൃത്തിന്റെ ഭാര്യ ഒരിക്കൽ വിളിച്ച് വഴക്കിട്ടിരുന്നുവെന്ന് രേഷ്മ ആര്യയോട് പറഞ്ഞെന്നും രഞ്ജിത്ത് പറയുന്നു.
കല്ലുവാതുക്കൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഇപ്പോഴും വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുളളത്. ഒരു നിഗമനത്തിലെത്താൻ പോലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുന്ന യുവതികളാണ് ആത്മഹത്യ ചെയ്തത്. പ്രതി രേഷ്മ കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണ്. രേഷ്മയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. രേഷ്മ കൃത്യമായ ക്രിമിനൽ മൈൻഡ് ഉളള വ്യക്തിയാണെന്നും സംഭവത്തിൽ ഒന്നോ, ഒന്നിലധികമോ കാമുകന്മാർ രേഷ്മയ്ക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.