Headlines
Loading...
ബലാത്സംഗം:  പ്രതികളെ സംരക്ഷിക്കാന്‍ എം സി ജോസഫൈന്‍ ശ്രമിച്ചെന്ന് ഒളിമ്ബ്യന്‍ മയൂഖ ജോണി

ബലാത്സംഗം: പ്രതികളെ സംരക്ഷിക്കാന്‍ എം സി ജോസഫൈന്‍ ശ്രമിച്ചെന്ന് ഒളിമ്ബ്യന്‍ മയൂഖ ജോണി

സുഹൃത്തിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവും മയൂഖ ഉന്നയിച്ചു. തൃശ്ശൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു നിർണായക വെളിപ്പെടുത്തൽ. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയത്.

മയൂഖ ജോണിയുടെ സുഹൃത്തായ കൊല്ലം സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. 2016 ലായിരുന്നു സംഭവം. മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തി. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസിൽ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് മയൂഖ ആരോപിച്ചു.

പരാതി നല്‍കാനായി ചെന്ന ആദ്യ തവണ വളരെ പോസിറ്റീവായ പ്രതികരണമാണ് എസ്പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരാതിയുമായി മുന്നോട്ട് പോകുന്നതിൽ തൃശ്ശൂർ റൂറൽ എസ്പി വലിയ പ്രോത്സാഹനം നൽകിയിരുന്നു. എന്നാല്‍ പ്രതിയുടെ സ്വാധീനത്തെ തുടര്‍ന്ന് പിന്നീട് ചെന്നപ്പോള്‍ തങ്ങളെ അവഗണിക്കുന്ന സമീപനമാണ് പോലീസ് കൈക്കൊണ്ടതെന്നും മയൂഖ പറഞ്ഞു. വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന ജോസഫൈന്‍ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ ഇടപെട്ടുവെന്നു മയൂഖ ആരോപിച്ചു.

അടുത്തിടെയാണ് സംഭവത്തിൽ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഇടപെട്ടതായി വ്യക്തമായത്. കേസ് എടുക്കരുതെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. മുൻ മന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടതായും മയൂഖ ജോണി വ്യക്തമാക്കി. അതേസമയം ‘ഒരു മന്ത്രിയെയോ ഒരു ബിഷപ്പിനെയോ ഇതിലേക്ക് വലിച്ചിട്ട് ഒരു വിവാദത്തിലേക്ക് പോകാന്‍ താല്പര്യമില്ല. അങ്ങനെ ഈ കേസില്‍ ഇടപെടുന്നവര്‍ക്ക് പിന്മാറാന്‍ ഒരു അവസരം കൂടി നല്‍കുകയാണ്’ എന്നും അവർ വ്യക്തമാക്കി.